ഇസ്തിഗാഥയുടെ (അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടത്തിന്റെ) യഥാർത്ഥ വശങ്ങൾ മനസ്സിലാക്കുന്നതിനായി ഒരു അനുബന്ധ കുറിപ്പ് ഇവിടെ നൽകുന്നു. ഡോ. മുഹമ്മദ് അശ്റഫ് മൗലവി അറബിയിൽ തയ്യാറാക്കിയ 'വിശുദ്ധ ഖുർആൻ ആശയവിവർത്തനത്തിന്റെ വികാസചരിത്രം മലയാളത്തിൽ' എന്ന പ്രബന്ധത്തിൽനിന്നുള്ള പ്രസക്ത ഭാഗമാണിത്.
പ്രാമാണികരുടെ വിശദീകരണങ്ങൾ
മുസ്ലിംകൾ പൊതുവായും കേരള മുസ്ലിംകൾ പ്രത്യേകിച്ചും ഈ പ്രശ്നത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനുവേണ്ടി, ഇവ്വിഷയകമായി പ്രാമാണികരായ പണ്ഡിതന്മാരിൽനിന്ന് ഉദ്ധരിക്കപ്പെട്ട ചില വചനങ്ങൾ ഇവിടെ നൽകുന്നു:
"മനുഷ്യൻ ചെയ്യുന്ന ഏതൊരു പ്രവർത്തനത്തിന്റെയും ഫലവും വിജയവും നിലകൊള്ളുന്നത് അതിലേക്ക് നയിക്കുന്ന നിമിത്തങ്ങളായി (കാരണങ്ങളായി) ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിനാലാണ്; അതിന് വിഘാതം സൃഷ്ടിക്കുന്ന തടസ്സങ്ങളായി ദൈവയുക്തി നിശ്ചയിച്ചിട്ടുള്ള കാര്യങ്ങൾ ഇല്ലാതാകുന്നതിലുമാണ്. അല്ലാഹു മനുഷ്യന് നൽകിയ അറിവും കഴിവും കൊണ്ട് അത്തരം തടസ്സങ്ങളിൽ ചിലത് നീക്കുവാനും, അത്തരം നിമിത്തങ്ങളിൽ ചിലത് നേടുവാനും അവന് സൗകര്യം ചെയ്തുകൊടുത്തിരിക്കുന്നു. അവയിൽ മറ്റുചിലത് അവന് നിഷേധിക്കുകയും ചെയ്തിരിക്കുന്നു.
അതിനാൽ അവയിൽനിന്ന് നമുക്ക് കഴിയുന്നത് നിർവ്വഹിക്കുവാൻ നാം ബാധ്യസ്ഥരാണ്. നമ്മുടെ കർമ്മങ്ങൾ കഴിയുന്നത്ര ഭദ്രമാക്കുന്നതിനുവേണ്ടി പരമാവധി ശക്തിയും കഴിവും നാം വിനിയോഗിക്കേണ്ടതാണ്. നാം പരസ്പരം സഹകരിക്കേണ്ടതാണ്, പരസ്പരം സഹായിക്കേണ്ടതാണ്. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ എല്ലാറ്റിനും കഴിയുന്ന അല്ലാഹുവിനെ ഏൽപ്പിക്കേണ്ടതാണ്. നാം അഭയം തേടേണ്ടത് അല്ലാഹുവോട് മാത്രമാണ്. നമ്മുടെ കർമ്മങ്ങളുടെ ഫലപ്രാപ്തിക്കും പരിസമാപ്തിക്കും വേണ്ടി സഹായം തേടേണ്ടത് അവനോട് മാത്രമാണ്; മറ്റാരോടും ആയിക്കൂടാ. കാരണം എല്ലാ മനുഷ്യർക്കും ഒരുപോലെ നൽകപ്പെട്ട കാര്യകാരണങ്ങൾക്കപ്പുറമുള്ളത് സാധിപ്പിക്കുവാൻ, കാര്യകാരണങ്ങൾ നിശ്ചയിച്ച ഉടമകളുടെ ഉടമസ്ഥനായ അല്ലാഹുവിനല്ലാതെ മറ്റാർക്കും കഴിയില്ല.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു) എന്ന വചനത്തിലെ 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' എന്ന ഭാഗം 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന വചനത്തിന്റെ ആശയം പൂർത്തിയാക്കുന്നു. കാരണം, ഇസ്തിആനത്ത് (الإِسْتِعَانَةُ - സഹായതേട്ടം) എന്നാൽ ഹൃദയത്തിൽനിന്ന് അല്ലാഹുവിലേക്ക് പോകുന്ന ഭയപ്പാടാണ്, ആത്മാവിന് അവനോടുള്ള ബന്ധമാണ്. അത് ആരാധനയുടെ മജ്ജയാണ്. ഒരു അടിമ അതുമായി അല്ലാഹു അല്ലാത്തവരിലേക്ക് തിരിഞ്ഞാൽ, ആ നടപടി ഖുർആന്റെ അവതരണകാലത്തും അതിനുമുമ്പും പ്രചാരത്തിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ ഒരിനമായിത്തീരും.
ഇക്കാര്യം പ്രത്യേകമായി പറഞ്ഞത്, അല്ലാഹുവിന് പുറമെ ഔലിയാക്കളെ സ്വീകരിച്ച് അവരോട് സഹായം തേടുന്നതും, ആർക്കും ചെയ്യുവാൻ സാധിക്കാത്ത കാര്യകാരണബന്ധങ്ങൾക്കപ്പുറമുള്ള (ഭൗതിക കാരണങ്ങൾക്ക് അപ്പുറമുള്ള) വിഷയങ്ങളിൽ അവരോട് സഹായമർത്ഥിക്കുന്നതും, കാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ സാധാരണ ജനങ്ങളോട് സഹായം ചോദിക്കുന്നതുപോലെയാണെന്ന് വിവരദോഷികൾ തെറ്റിദ്ധരിക്കാതിരിക്കാനാണ്.
ഈ സംശയം അല്ലാഹു തന്റെ അടിയാറുകൾക്ക് ദൂരീകരിച്ചുകൊടുക്കുവാൻ ഉദ്ദേശിച്ചു. മനുഷ്യരുടെ കഴിവിൽപ്പെട്ട കാര്യങ്ങളിൽ സഹായം ചോദിക്കുന്നത് അല്ലാഹു നിശ്ചയിച്ച ലൗകിക നടപടിക്രമങ്ങൾ ഉപയോഗപ്പെടുത്തുന്ന ഒരു രീതി മാത്രമാണ്. യന്ത്രസാമഗ്രികൾക്ക് ജീവിതത്തിൽ എന്ത് സ്ഥാനമാണോ ഉള്ളത്, അതേ സ്ഥാനം തന്നെയായിരിക്കും അതിനുമുള്ളത്. എന്നാൽ, അവർക്ക് ദാനമായി നൽകപ്പെട്ട കഴിവുകൾക്കും തോതുകൾക്കും അപ്പുറമുള്ള കാര്യങ്ങളിൽ സഹായം തേടുന്നത് അങ്ങനെയല്ല. രോഗശമനത്തിനായി ഔഷധങ്ങൾ, പ്രതിവിധികൾ എന്നിവക്കപ്പുറമുള്ള കാര്യങ്ങളിൽ സഹായം തേടുക, ശത്രുവിനെ പരാജയപ്പെടുത്തുവാൻ ആൾബലം, യുദ്ധസന്നാഹം എന്നിവക്കപ്പുറമുള്ള കാര്യങ്ങളിൽ സഹായം തേടുക—ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം അല്ലാഹു അല്ലാത്തവരിലേക്ക് തിരിയുന്നതും ഭയപ്പാടോടുകൂടി അവരെ സമീപിക്കുന്നതും ഒട്ടും അനുവദിക്കപ്പെടാത്തതാകുന്നു."
— (സയ്യിദ് റശീദ് രിദാ, തഫ്സീറുൽ മനാർ 1: 58-59)
ഇമാം നവവി (റ) യുടെ വിശദീകരണം
إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
"നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവോട് സഹായം തേടുക"
എന്ന പ്രശസ്തമായ നബിവചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) പറഞ്ഞു:
"അടിയാൻ തന്റെ മനസ്സ് അല്ലാഹു അല്ലാത്തവരിൽ ബന്ധിച്ചിടുവാൻ പാടില്ല എന്ന് ഇതിൽ സൂചനയുണ്ട്. മറിച്ച് തന്റെ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കണം. ഹിദായത്ത് (സന്മാർഗ്ഗം), പാണ്ഡിത്യം, ഖുർആനിലും സുന്നത്തിലുമുള്ള അറിവ്, രോഗശമനം, ഇഹത്തിലും പരത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളിൽനിന്നും ശിക്ഷകളിൽനിന്നുമുള്ള കാവൽ പോലെ താൻ തേടുന്ന കാര്യങ്ങൾ സാധാരണ നിലയിൽ സൃഷ്ടികളുടെ കൈക്ക് നടക്കുന്നതല്ലെങ്കിൽ അത് അല്ലാഹുവോട് മാത്രം ചോദിക്കുക.
എന്നാൽ കരകൗശല വിദ്യകളും ജോലിവേലകളും ചെയ്യുന്നവർ, ഭരണകർത്താക്കൾ എന്നിവരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾപോലെ, സാധാരണ നിലയിൽ സൃഷ്ടികളുടെ കൈക്ക് അല്ലാഹു നടത്തിക്കൊടുക്കുന്ന ഭൗതിക കാര്യങ്ങളാണ് താൻ തേടുന്നതെങ്കിൽ, അവരുടെ ഹൃദയങ്ങളിൽ തന്നോട് അനുകമ്പ ജനിപ്പിക്കുവാൻ ആദ്യം അല്ലാഹുവോട് പ്രാർത്ഥിക്കണം."
അദ്ദേഹം തുടർന്നു പറയുന്നു:
"സൃഷ്ടികളോട് (അദൃശ്യമായ രീതിയിൽ) ചോദിക്കുന്നതും അവരെ അവലംബിക്കുന്നതും അധിക്ഷേപാർഹമായ നടപടിയാണ്. മുൻകാല വേദങ്ങളിൽ അല്ലാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു: 'അവൻ തന്റെ ഹൃദയവികാരങ്ങളുമായി അവരവരുടെ കവാടങ്ങൾ മുട്ടുകയാണോ, എന്റെ കവാടങ്ങൾ മലർക്കെ തുറന്നുകിടന്നിട്ടും? ഞാൻ എല്ലാറ്റിനും കൺമുമ്പിൽ കഴിവുറ്റ രാജാധിരാജനായിരിക്കെ, വിപൽഘട്ടങ്ങളിൽ മറ്റുള്ളവരിലാണോ അവൻ പ്രതീക്ഷയർപ്പിക്കുന്നത്? ഇതരരിൽ പ്രതീക്ഷയർപ്പിച്ചവനെ ഞാൻ നിന്ദ്യതയുടെ മേലാടയണിയിക്കും; തീർച്ച!'"
— (ഇമാം നവവി, ശറഹുൽ അർബഈൻ അന്നവവിയ്യ, പേജ്: 32)